Thursday 21 January 2016

വിധിയില്‍ തൃപ്തരല്ലാതെ ചന്ദ്രബോസിന്റെ ഭാര്യയും അമ്മയും; നിസാമിന്റെ ഭാര്യയ്ക്കെതിരെയും കേസെടുക്കണമെന്ന് കോടതി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ കോടതിവിധിയില്‍ നിരാശയെന്ന് ചന്ദ്രബോസിന്റെ കുടുംബം. ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. പിഴയായി ലഭിക്കുന്ന തുക ആഗ്രഹിച്ചതല്ല. തങ്ങള്‍ പ്രതീക്ഷിച്ച വിധി കിട്ടിയില്ലെന്നും ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിസാം താമസിയാതെ പരോളിലിറങ്ങും. നിസാം ഒരിക്കലും പുറത്തിറങ്ങരുതെന്നാണ് ആഗ്രഹം. ജയിലിലും സന്തുഷ്ടനായാണ് നിസാം കഴിയുന്നതെന്നും ജമന്തി പറഞ്ഞു. നിസാമിനെ തൂക്കിക്കൊല്ലണമെന്ന് ചന്ദ്രബോസിന്റെ അമ്മ പ്രതികരിച്ചു. കൂടുതല്‍ ശിക്ഷ ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. നിസാമിന് ജയിലും വീടും ഒരുപോലെയാണ്. ഒരു വര്‍ഷം ജയിലില്‍ കിടന്നിട്ടും അയാള്‍ക്ക് യാതൊന്നും സംഭവിച്ചില്ല ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പ്രതികരിച്ചു. നഷ്ടപരിഹാരം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് തങ്ങളുടെ അഭിഭാഷകനായ ഉദയഭാനു നിര്‍ദ്ദേശിക്കുന്നതു പോലെ തങ്ങള്‍ മുന്നോട്ട് പോകുമെന്ന് ചന്ദ്രബോസിന്റെ ഭാര്യ പറഞ്ഞു. കള്ളസാക്ഷി പറഞ്ഞതിന് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസ് എടുക്കാനും കോടതി വിധിച്ചു. നിസാമിന് ജീവപര്യന്തത്തിനു പുറമെ 24 വര്‍ഷം കൂടി തടവും എണ്‍പത് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയടക്കാനുമാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഇതില്‍ 50 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും കോടതി വിധിച്ചു. 427ാം വകുപ്പ് പ്രകാരം രണ്ടു വര്‍ഷം തടവും 20000 രൂപ പിഴയും, 449ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവും 10000 രൂപ പിഴയും, 506ാം വകുപ്പ് പ്രകാരം 3 വര്‍ഷം തടവ്, 447ാം വകുപ്പ് പ്രകാരം 5 വര്‍ഷം തടവ് എന്നിങ്ങിനെയാണ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനു പുറമെ 24 വര്‍ഷം കൂടി ശിക്ഷ വിധിച്ചതോടെ നിസാം 39 വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു പറഞ്ഞു. കേസില്‍ നിസാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച്‌ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല. അഞ്ച് കോടി രൂപ പിഴയായി ഈടാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു നിരാകരിച്ച കോടതി 80 ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു കൊലപാതകമടക്കം നിസാമിനെതിരായ ഏഴ് കുറ്റങ്ങളും തെളിഞ്ഞതായും, കൊലപാതകം മുന്‍വൈരാഗ്യമാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച്‌ നിസാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചുമാണ് വ്യവസായിയായ മുഹമ്മദ് നിസാം കൊലപ്പെടുത്തിയത്. കുറ്റക്കാരനെന്ന് കണ്ടത്തെിയ നിസാമിന് എന്തുശിക്ഷ നല്‍കണം എന്നതു സംബന്ധിച്ച്‌ നടന്ന വാദത്തില്‍ വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നിസാം സമൂഹത്തിന് ഭീഷണിയാണെന്നും, നിരായുധനായ ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദിച്ചുമാണ് കൊലപ്പെടുത്തിയത്. ചന്ദ്രബോസിനെ ആശുപത്രിയിലത്തെിക്കാന്‍ പോലീസ് വരേണ്ടി വന്നുവെന്നും അതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും കോടികളുടെ ആസ്തിയുള്ള പ്രതിയില്‍ നിന്നും അഞ്ച് കോടി രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍വാദം. എന്നാല്‍ യാദൃശ്ചികമായുണ്ടായ അപകടമാണു മരണ കാരണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ വിധിയോടനുബന്ധിച്ച്‌ കനത്ത സുരക്ഷയാണ് പോലീസ് വിചാരണ കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

No comments:

Post a Comment